ബ്ലോഗ് ചരിത്രം

൧. ദേവന്‍
ആദ്യമായി കമ്പ്യൂട്ടറില്‍ മലയാളം എഴുതിച്ച (നമുക്കറിയാവുന്നവരില്‍) ഒരാളാണ്‌ അങ്കിള്‍. ദശാബ്ദങ്ങള്‍ പലതു കഴിഞ്ഞു.
കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക

ആദ്യ മലയാളം ബ്ലോഗ് രേഷ്മയുടേത് ആയിരിക്കണം. പക്ഷേ അവരുടെ ഹോസ്റ്റ് ബ്ലോഗര്‍ ആയിരുന്നില്ല റിഡിഫ് ആയിരുന്നു. എഴുത്ത് യൂണിക്കോഡും ആയിരുന്നില്ല.

ആദ്യയൂണിക്കോഡ് മലയാള പ്രസിദ്ധീകരണം നിഷാദ് കൈപ്പള്ളിയുടെ ബൈബിള്‍ ആയിരിക്കണം.

ആദ്യ യൂണിക്കോഡ് മലയാളം ബ്ലോഗര്‍ പോള്‍ തന്നെയെന്ന് തോന്നുന്നു. ആദ്യ യൂണിക്കോഡ് വെബ് സൈറ്റ് ചിന്തയും.

സിബു , വിശ്വം തുടങ്ങിയവര്‍ മലയാളികളായ ബ്ലോഗര്‍മാരില്‍ വളരെ പഴയവര്‍ ആണ്‌.

ഏറ്റവും പ്രായം കൂടിയ മലയാളം ബ്ലോഗര്‍ ദത്തൂക്ക് ജോസഫ് ആണ്‌. അദ്ദേഹം എത്തുംവരെ ചന്ദ്രശേഖരന്‍ നായര്‍ (കേരളഫാര്‍മര്‍ എന്ന കമ്പ്യൂട്ടറിനെപ്പറ്റി ഒരറിവും ഇല്ലാതെ വിന്‍ഡോസ് 95 ല്‍ തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ഐടി പ്രൊഫഷണലുകളുടെ സഹായത്താല്‍ ബ്ലോഗറായ വിമുക്തഭടനായ കര്‍ഷകന്‍.) ആയിരുന്നു സീനിയര്‍. പ്രായം കുറഞ്ഞയാളിനെ ഒരു പിടിയുമില്ല. ആദ്യകാലത്തെ ബ്ലോഗ് ബേബി അരുണ്‍ വിഷ്ണു (നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തണെ)ആയിരുന്നു.

ആദ്യ കുടുംബ ബ്ലോഗ് അനില്‍-സുധ-കണ്ണനുണ്ണി മാരുടേതാണ്‌

ആദ്യ ജോയിന്റ് മലയാളം ബ്ലോഗ് സമകാലികം ആണ്‌.

ഏറ്റവും കൂടുതല്‍ മെംബര്‍മാരും പോസ്റ്റുകളും ഹിറ്റുകളും ഉണ്ടായിരുന്നത് ദേവന്‍ തുടങ്ങിവെച്ച് അരോ അഡ്മിന്‍ പദവി അടിച്ചുമാറ്റിയ ബൂലോഗ ക്ലബ്ബ് എന്ന ബ്ലോഗിനായിരുന്നു

ഏറ്റവും കമന്റ് കിട്ടിയ പോസ്റ്റ് ഇക്കാസ് ജാസൂട്ടി വിവാഹം (ഇപ്പോള്‍ നിലവിലില്ല) എന്ന ബ്ലോഗിലാണ്‌. ആദ്യമായി രണ്ട് ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാഹവും ഇ-ജാ തന്നെ.

ആദ്യമായി നൂറുകമന്റ് കിട്ടിയ മലയാളം ബ്ലോഗര്‍ കുട്ട്യേടത്തി ആണ്‌.

ആദ്യമായി കേരളത്തില്‍ ഒരു മലയാളം ബ്ലോഗേഴ്സ് മീറ്റ് വിശ്വപ്രഭയുടെയും, അതുല്യ ശര്‍മ്മയുടെയും നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നു. അതുവരെ ധാരാളം വിദേശമലയാളികള്‍ കൈകാര്യം ചെയ്തിരുന്ന മലയാളം ബ്ലോഗുകളുടെ വളര്‍ച്ച കേരളത്തിലും ആരംഭിച്ചു.
ആദ്യമായി അഞ്ഞൂറു കമന്റ് വീണത് കൊച്ചി ഒന്നാം ബ്ലോഗ് മീറ്റ് പോസ്റ്റില്‍ ആണ്‌.  വീഡിയോ   | The Hindu 

ആദ്യമായി ആയിരം കമന്റ് കിട്ടിയത് ഉണ്ടാപ്രിക്കാണ്‌


മലയാളികളുടെ ബ്ലോഗ്ഗ് റോള്‍ ആദ്യമായി ഉണ്ടായത് മനോജിന്റെ മേളം ആണ്‌.

മലയാളം ബ്ലോഗുകളുടെ ആദ്യ റോള്‍ പരിപാലിച്ചിരുന്നത് ക്ഷുരകന്‍ ആണ്‌.

ക്ഷുരകന്‍ ബ്ലോഗ് റോള്‍ പരിപാലനവും ബ്ലോഗ് എഴുത്തും നിറുത്തി കുറേക്കാലം മലയാളത്തിനു ബ്ലോഗ്ഗ് റോള്‍ ഇല്ലായിരുന്നു. രണ്ടായിരത്താറ്‌ മാര്‍ച്ചില്‍ മുപ്പത്തഞ്ചോളം പേരുകളുള്ള മലയാളം ബ്ലോഗ്ഗ് റോള്‍ ശ്രീജിത്ത് ഏറ്റെടുത്തു. ഒരു വര്‍ഷം കൊണ്ട് ( ൨൦൦൭ ഏപ്രിലില്‍) മലയാളം ബ്ലോഗ്ഗ് റോളിലെ എന്റ്റികള്‍ ആയിരം കടന്നു. തുടര്‍ന്നുള്ള പരിപാലനം മലയാളം ബ്ലോഗ്‌റോള്‍ എന്ന പേരില്‍ തുടരുന്നു.

(ഇത്രയും ലിങ്ക് ഇടണമെങ്കില്‍ റീസര്വേ ആപ്പീസില്‍ പോയി ലിങ്ക്‌സ് മാനെ വിളിച്ചോണ്ട് വന്നാലേ പറ്റൂ, അതോണ്ട് സാഹസത്തിനു മുതിരുന്നില്ല എന്ന് പറഞ്ഞ് ദേവന്‍ കയ്യൊഴിഞ്ഞെങ്കിലും ചിലത് കൂട്ടിച്ചേര്‍ത്തു.)

കടപ്പാട് - ദേവന്‍

Varamozhi FAQ    മലയാളം ബ്ലോഗര്‍മാര്‍ക്ക് ആദ്യകാലം മുതല്‍ തന്നെ ഒരു വഴികാട്ടിയാണ്.

പിന്‍മോഴി എന്ന യാഹൂ ഗ്രൂപ്പായിരുന്നു ആദ്യം നിലവിലുണ്ടായിരുന്ന കമെന്റ് അഗ്രിഗേറ്റര്‍ അത് നിലച്ചതിന് ശേഷം പകരക്കാരനായി മറുമൊഴികള്‍ നിലവില്‍ വന്നു. 

ബ്ലോഗുകളില്‍ നിന്ന് പുസ്തകം
സജീവ് എടത്താടന്റെ കൊടകരപുരാണം, രാകേഷ് കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍, ഏറനാടന്റെ ഒരു സിനിമ ഡയറിക്കുറിപ്പ്  മുതലായവയാണ്.

സൂര്യഗായത്രിയുടെ പാചകക്കുറിപ്പ് മോഷണം യാഹൂ നടത്തിയത് മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ പ്രതിഷേധത്തിന് ഇടനല്‍കി. അവസാനം Yahoo Apologizes to Indian House Wife 


2007 മാര്‍ച്ചില്‍ കേരള ഹ ഹ ഹ എന്ന പേരില്‍ ബ്ലോഗ് ആരംഭിച്ച് അനേകം ബോഗര്‍മാരുടെ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ച് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായ സജ്ജീവ് ഒരു ചരിത്രം തന്നെ തിരുത്തിക്കുറിച്ചു.

2008 മേയില്‍ ആരംഭിച്ച ഷിബുവിന്റെ ആദ്യാക്ഷരി എന്ന ബ്ലോഗ് തുടക്കക്കാര്‍ക്ക് വളരെ പ്രയോജനപ്രദമാണ്.


൨. വിശ്വപ്രഭ
"ആദ്യ മലയാള ബ്ലോഗ് ഏതാണ്?”?

ആദ്യം മലയാളത്തില്‍ ബ്ലോഗുചെയ്തുതുടങ്ങിയത് പോള്‍ ആയിരിക്കണം. പക്ഷേ 2003 ഏപ്രിലില്‍ തുടങ്ങിയ ആ ബ്ലോഗിലെ ആദ്യപോസ്റ്റുകളൊക്കെ ഒരു സുപ്രഭാതത്തില്‍ റെഡിഫിലെ മിടുക്കന്മാരുടെ വൈദഗ്ദ്യം മൂലമോ മറ്റോ മുഴുവനായും നഷ്ടപ്പെട്ടുപോയി. പിന്നെ സങ്കടത്തോടെ വീണ്ടും അതൊക്കെ എഴുതിത്തുടങ്ങേണ്ടി വന്നു പോളിന് 2004 ഫെബ്രുവരി മുതല്‍. ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ട്. (പിന്നീട് ചിന്ത.കോം തുടങ്ങിയപ്പോള്‍ പോള്‍ റെഡിഫ് തന്നെ ഉപേക്ഷിക്കുകയും തുടക്കം മുതലുള്ള പോസ്റ്റുകള്‍ യുണികോഡിലാക്കി ചിന്തയിലെ ജാലകത്തില്‍ വെക്കുകയും ചെയ്തു.)

എന്റെ ആദ്യത്തെ ബ്ലോഗര്‍ ഐഡിയില്‍ ഒരെണ്ണം “വിശ്വം” എന്നായിരുന്നു. അത് മേയ് 2003-ല്‍ തന്നെ തുടങ്ങി. പണ്ട് കേരളാ കോമില്‍ മൂന്നുവര്‍ഷത്തോളം വന്ന (സണ്ണിച്ചായന്റെയും വിശാലന്റെയും ഇടിവാളിന്റെയും മുരളിമേനോന്റെയും സിബുവിന്റെയും ജോസഫ് ചേട്ടന്റെയും സങ്കുചിതന്റേയും അനിലിന്റേയും പിന്നെ ഒരുപാടൊരുപാടു പേരുടേയും) വിലപ്പെട്ട വരികള്‍ പുനഃസ്ഥാപിച്ചുകൊണ്ട് (ക്രെഡിറ്റൊക്കെ അവര്‍ക്കു തന്നെ കൊടുത്തുകൊണ്ട്) കുറേ മലയാളം പേജുകള്‍ ഒരു ലോഗ് ബുക്കായി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തക്കതായ ഫോണ്ടുകളും സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ കേരളൈറ്റ് ഫോണ്ടില്‍ രണ്ടുമൂന്നുമാസത്തെ ആല്‍ത്തറ പകര്‍ത്തി തല്‍ക്കാലം ആരോടും പറയാതെ രഹസ്യമായി വെച്ചു. കൂടാതെ ടോം (കേരളാ.കോം) ഇതേക്കുറിച്ച് എന്തു പറയുമെന്നും പേടിയുണ്ടായിരുന്നു.

ഇതുകൂടാതെ 2003 മാര്‍ച്ചില്‍ തന്നെ വ്യത്യസ്ത അജ്ഞാതനാമങ്ങളില്‍ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയിരുന്നു. അവയ്ക്ക് വളരെ പ്രത്യേകമായ ചില ഉദ്ദേശങ്ങളുമുണ്ടായിരുന്നു. ആ കൊല്ലം ഫെബ്രുവരി മുതല്‍ ഈ ഭാഗത്തൊക്കെ നടന്നിരുന്ന കിരാതമായ തേര്‍വാഴ്ച്ചകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അതില്‍ മനം നൊന്താണ് രണ്ടു ബ്ലോഗും തുടങ്ങിയത്. ഒന്ന് തീരെ പടിഞ്ഞാറോട്ടും ഒന്ന് ഇവിടെത്തന്നെയുള്ള നമ്മുടെ നാട്ടുകാര്‍ക്കും നേരെ തിരിച്ചുവെച്ചു. ഒന്ന് അകലെനിന്നും പറന്നുവരുന്ന താന്തോന്നിത്തരത്തിനുനേരെയുള്ള ശകാരങ്ങളും രോദനങ്ങളും ആയിരുന്നു. മറ്റേത് വേവലാതി പൂണ്ടുനിന്നിരുന്ന എന്റെ നാട്ടുകാരെ സമാശ്വസിപ്പിക്കുവാനും.

കണ്മുന്നില്‍ കണ്ടുകൊണ്ടിരുന്ന ഭീകരമായ അനീതികളെപ്പറ്റി ആ ബ്ലോഗുകളില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനങ്ങളില്‍ ചിലത് പിന്നീട് പലപ്പോഴും ഇന്റെര്‍നെറ്റ് മെയില്‍ച്ചങ്ങലകളില്‍ അലഞ്ഞുനടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ കോപ്പികളൊക്കെ നശിപ്പിച്ചുകളയേണ്ടിവന്നതിനാല്‍ ഇപ്പോള്‍ ഒന്നുപോലും ഇല്ല. സാഹചര്യങ്ങള്‍ മൂലം ഒരു ഘട്ടത്തില്‍ ആ ആക്റ്റിവിസ്റ്റ് ബ്ലോഗുകളെയൊക്കെ സ്വന്തം മക്കളെ കഴുത്തുഞെരിച്ചുകൊല്ലുന്ന ഒരച്ഛനെപ്പോലെ അഗാധമായ വേദനയോടെ മാച്ചുകളയേണ്ടിവന്നു...
മറുനാട്ടില്‍ പലവേഷങ്ങളിലും ആടേണ്ടിവരുന്ന ഒരുത്തന്റെ നിസ്സഹായത!

മേയില്‍ തുടങ്ങിയ മലയാളം ആസ്ക്കിബ്ലോഗും ഇതോടനുബന്ധിച്ചുതന്നെ, നാട്ടിലേക്കു പുറപ്പെടുന്നതിനുമുന്‍പ് (2003 ജൂലായില്‍) അതിക്രൂരമായി ഡീലിറ്റു ചെയ്തു കളഞ്ഞു! ഇന്നാലോചിക്കുമ്പോള്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായി തോന്നുന്നു അത്! (അതുകൊണ്ടാണ് ആരും തങ്ങളുടെ ബ്ലോഗുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് എപ്പോഴും ഒരു രോഗിയെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്!).

അന്ന് ബ്ലോഗര്‍ ഗൂഗിളിന്റെ ആയിരുന്നില്ല എന്നു തോന്നുന്നു (ഉറപ്പില്ല). ഇത്ര പേരുമില്ല. ബ്ലോഗിങ്ങ് ഒരു അജ്ഞാതന്റെ സ്വകാര്യഡയറിപോലെയായിരുന്നു മിക്കവര്‍ക്കും. സിബു ആണ് ബ്ലോഗ്സ്പോട്ട് സൈറ്റ് ആദ്യം കാണിച്ചുതന്നതെന്നാണ് ഓര്‍മ്മ. (അതോ ഏതോ ഇറാക്കിബ്ലോഗറെപ്പറ്റി ബീ.ബീ.സി. എഴുതിയിരുന്നതോ?). സിബു If it were... എന്ന പേരില്‍ ഇപ്പോള്‍ ഉള്ള http://cibu.blogspot.com സൈറ്റ് ഒരുപക്ഷേ 2003 ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. എന്നാലും ഓഗസ്റ്റുമുതലുള്ള ചില രസികന്‍ ഇംഗ്ലീഷ് ലേഖനങ്ങളേ അതില്‍ ഇപ്പോള്‍ കാണാനുള്ളൂ. ചുരുങ്ങിയത് 2003 സെപ്തംബറിലെങ്കിലും ‍ സിബു മലയാളത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും യുണികോഡിലായിരുന്നില്ല അത്. മുന്‍പു തന്നെ (2002 ജൂലൈ) അദ്ദേഹം വരമൊഴിയ്ക്ക് യുണികോഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും തക്കതായ ഒരു ഫോണ്ടില്ലാത്തതും ചില്ലുകളുടെ വികടസ്വഭാവവും മൂലമായിരിക്കണം സിബു ആസ്ക്കിയില്‍ തന്നെ പിടിച്ചുനിന്നത്.

ഇതിനിടയില്‍ 2003 ഏപ്രിലില്‍ തന്നെ ബെന്നിയും ബ്ലോഗറില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. എങ്കിലും ആ വീരപാണ്ഡ്യന്‍ ബ്ലോഗെഴുതിത്തുടങ്ങിയിരുന്നോ എന്നറിയില്ല.


2003 ഏപ്രില്‍ ആവുമ്പോഴേക്കും യുണികോഡിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വരമൊഴി യാഹൂഗ്രൂപ്പില്‍ ചൂടുപിടിച്ചുതുടങ്ങി. ബെന്നി, ബൈജു, വിനോദ് (കേരളീയന്‍ - മലയാളം വിക്കിപീഡിയ), മഹേഷ് പൈ തുടങ്ങിയവര്‍ മുന്‍പുതൊട്ടേ GNOME, LATEX, വിക്കിപീഡിയ എന്നെല്ലാം പറഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഏപ്രില്‍ മുതലാണ് ഞങ്ങളൊക്കെ “അന്യോന്യം കാര്യമായി പുറം ചൊറിഞ്ഞു”തുടങ്ങിയത്. മലയാളത്തിന് കൊള്ളാവുന്ന ഒരു വിന്‍ഡോസ് യുണികോഡ് ഫോണ്ടില്ലാത്തതും ഉടഞ്ഞ ചില്ലുകളും മറ്റും ആയിടെ ചര്‍ച്ചയ്ക്കു വന്നു.

2004 ജനുവരി 28 - രേഷ്മയും റെഡിഫില്‍ കേരളൈറ്റ് ഫോണ്ടില്‍ മൈലാഞ്ചി എഴുതിത്തുടങ്ങി. “ ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിടിപ്പിന്റെ താളത്തില്‍....” - അങ്ങനെയായിരുന്നു രേഷ്മ എഴുതിത്തുടങ്ങിയത്. നിര്‍ഭാഗ്യവശാല്‍ കുറച്ചുമാസങ്ങളായി ആ വിലപ്പെട്ട റെഡിഫ്ഫ് പേജ് വേറെ ഏതോ ഒരുത്തി ഹൈജാക്കുചെയ്തു വെച്ചിരിക്കുന്നു എന്നു തോന്നുന്നു !

എങ്കിലും ഈ സമയത്ത് ‍വരമൊഴിഗ്രൂപ്പ് പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ കിടന്നു. ഒടുവില്‍ ജൂണ്‍ 2004-ല്‍ കാര്യങ്ങള്‍ പെട്ടെന്നു മാറി. യുണികോഡ് ഫോണ്ടുകള്‍ എങ്ങനെ എളുപ്പം മെരുക്കിയെടുക്കാമെന്നായി ചര്‍ച്ച. വിനോദ് ബാലകൃഷ്ണന്‍, മനോജ്, കെവിന്‍, രാജീവ് തുടങ്ങിയവര്‍ സ്ഥിരമായി ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്കു വരാന്‍ തുടങ്ങി. ഓഗസ്റ്റില്‍ ആദ്യമായി വരമൊഴിയിലേക്ക് കെവിന്‍ ശുദ്ധമലയാളം യുണികോഡില്‍ (ചില്ലുബാധയുണ്ടായിരുന്നെങ്കിലും) ഒരു മെയിലയച്ചു! ഞാന്‍ കണ്ട ആദ്യത്തെ പ്ലെയിന്‍ ടെക്സ്റ്റ് മലയാളം മെയില്‍!
ഇതിനിടയ്ക്ക് കഥയില്‍ വേണ്ട മറ്റു കഥാപാത്രങ്ങള്‍ അണിയറയില്‍ ചുട്ടി തേച്ചുതുടങ്ങിയിരുന്നു. ഒരു ‘പുതിയ പ്രോഗ്രാമിങ്ങ് വിദ്യാര്‍ത്ഥി’ ജൂണില്‍ വരമൊഴി പഠിക്കാന്‍ വന്നു. പേര് പെരിങ്ങോടന്‍! പെരിങ്ങോടന്‍ വരമൊഴി പഠിച്ച് ASCII ഫോണ്ടില്‍ കഥകളെഴുതാന്‍ തുടങ്ങി! (ജൂലൈ 24).

മലയാളം യുണികോഡ് ചരിത്രത്തില്‍ അധികമൊന്നും ആരും പറഞ്ഞുകേട്ടിരിക്കാനിടയില്ലാത്ത ഒരു ഇതിഹാസകാരനുണ്ട് ഇതിനിടയ്ക്ക്! മലയാളം എഴുതാന്‍ പോലുമറിയാതെ ബൈബിള്‍ മുഴുവന്‍ മലയാളം യുണികോഡില്‍ സുന്ദരമായി പ്രകാശിപ്പിച്ചിട്ടുള്ള കൈപ്പള്ളി! നിഷാദ് ഭാഷ്യം എന്നൊരു ബ്ലോഗെഴുതിത്തുടങ്ങിയത് 2004 ആഗസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 14ന് അദ്ദേഹം ബൈബിളും ഇന്റര്‍നെറ്റില്‍ എത്തിച്ചു. ഏറ്റവും ആദ്യത്തെ മലയാളം യുണികോഡ് ഗ്രന്ഥം!

ഇതിനിടയ്ക്ക് MSN സ്പേസില്‍ കെവിനും ഞാനും മറ്റും കുറേശ്ശെ യുണികോഡ് മലയാളമിട്ട് കളിച്ചുതുടങ്ങി. റെഡിഫിലും ആരൊക്കെയോ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ മിക്കവാറും എല്ലാവരും ആസ്ക്കി, അല്ലെങ്കില്‍ ചാറ്റ് ശൈലിയിലുള്ള (മൊഴി അല്ല), മംഗ്ലീഷ്. സൂവിന് ചേട്ടന്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. സൂ അതും വെച്ച് സൂര്യഗായത്രി എന്ന സൂലോഗവും തുടങ്ങി. അതും ആദ്യം മംഗ്ലീഷ്, പിന്നെ ആസ്ക്കി. എവുരാന്‍ കഥകളെഴുതിത്തുടങ്ങി. മനോജ് മലയാളത്തില്‍ എഴുതിയില്ലെങ്കിലും മലയാളം ബൂലോഗച്ചുരുളിനുവേണ്ടി പ്രത്യേകം ഒരു സോഫ്റ്റ് കോര്‍ണര്‍ മാറ്റിവെച്ചു.

2004 നവംബറില്‍ ഒരു ചെറിയ കാര്യം നടന്നു. വരമൊഴിയില്‍ ഒരു മെയില്‍ വന്നു! ഒരു പുതിയ അക്ഷരശ്ലോകം ഗ്രൂപ്പു തുടങ്ങിയിട്ടുണ്ടത്രേ. ഏതോ ഒരു ഉമേശനും രാജേഷും. ഒട്ടും അമാന്തിച്ചില്ല. ചെന്നു ചേര്‍ന്നു. എന്നു മാത്രമല്ല, അവിടെ പോയി ആദ്യമായി ഒരു മെസ്സേജും പോസ്റ്റു ചെയ്തു. പിന്നീട് അമ്പത്തൊന്നക്ഷരാളീ എന്നു തുടങ്ങി ആദ്യത്തെ ശ്ലോകവും.

ഗൌരവമായി ശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോളാണ് ഒരു പ്രശ്നം പൊന്തിവന്നത്. എല്ലാര്‍ക്കും സ്വീകാര്യമായ ഒരു മലയാളം വേണം. യുണികോഡ് എല്ലായിടത്തും എത്തിയിട്ടില്ല. പലര്‍ക്കും അതറിയുകയുമില്ല. എങ്കില്‍ നമുക്ക് വരമൊഴി അച്ചട്ടായി അനുസരിക്കുന്ന ‘മൊഴി’ മംഗ്ലീഷായാലെന്താ എന്നായി. അങ്ങനെ വരമൊഴി മംഗ്ലീഷ് ആ ഗ്രൂപ്പിലെ ഔദ്യോഗികസ്റ്റാന്‍ഡേര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു!

രണ്ടുമാസത്തിനുള്ളില്‍ അക്ഷരശ്ലോകം ഒരു മത്സരമായി രൂപാന്തരപ്പെട്ടു. ഇതിനിടയ്ക്ക് ഇങ്ങനെയൊരു രസം ഒരു ഗ്രൂപ്പിനുള്ളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്നു തോന്നിയപ്പോള്‍ മറ്റു കുറേ കൂട്ടുകാരെക്കൂടി വിളിച്ചുകൊണ്ടുവന്നു. വരമൊഴിയില്‍നിന്നും സിബുവിനോടും സദസ്സില്‍ വന്നു കളി കണ്ടിരിക്കാന്‍ പറഞ്ഞു.


പണ്ട് ഒളിച്ചോടിപ്പോയ 'വിശ്വം' എന്ന ഐഡി പിന്നെ കുറെക്കാലത്തേക്ക് ബ്ലോഗുലോകത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടും ധൈര്യം സംഭരിച്ച് ‘വിശ്വം’ തിരിച്ചു വന്നത് 2004 ഡിസംബര്‍ 26നു ഒരു വലിയ ചരിത്രസംഭവത്തില്‍ പങ്കുചേരാനായിരുന്നു. സുനാമിഹെല്‍പ്പ്! (http://tsunamihelp.blogspot.com). ഇന്ന്റര്‍നെറ്റിലൂടെ നടത്തിയ ഏറ്റവും വലിയ ദുരിതാശ്വാസപ്രവര്‍ത്തനം എന്നുവിളിക്കാവുന്ന ആ ബ്ലോഗില്‍ ആദ്യത്തെ മണിക്കൂറില്‍ തന്നെ ആറാമനോ ഏഴാമനോ ആയി ചേര്‍ന്നു. (അവിടെ ബ്ലോഗ് കണ്ട്രോള്‍ ചെയ്തിരുന്ന sea-eat എന്ന യാഹൂഗ്രൂപ്പും സുനാമിഹെല്‍പ്പിന്റെ ബ്രാഞ്ച് വിക്കികളും മോഡറേറ്റ് ചെയ്തു. പിന്നീട് ജനുവരി പതിനാറാംതീയതി ആ ബ്ലോഗില്‍നിന്നും സ്വന്തം ജോലി കൃതാര്‍ത്ഥനായി മുഴുമിച്ച് sea-eat യാഹൂഗ്രൂപ്പിന്റെ മേല്‍നോട്ടം മാത്രമായി ഒതുങ്ങിക്കൂടി.)
സുനാമിഹെല്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രസംഭവമായിത്തീര്‍ന്നു ഇന്റര്‍നെറ്റില്‍. അതിന്റെ തലപ്പത്തുതന്നെ ഇരുന്ന് രാത്രിയും പകലും ഇരുന്നു് ഒരു യുദ്ധത്തിലെന്നോണം ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോളാണ് ബ്ലോഗുകളുടെ ശക്തി എനിക്കു ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ ദിവസങ്ങളില്‍ ബ്ലോഗിങ്ങ്, സോഷ്യല്‍ ടെക്സ്റ്റ്, വിക്കി, ഫ്ലിക്കര്‍, css തുടങ്ങിയവയെക്കുറിച്ചൊക്കെ ധാരാളം പഠിക്കാനും കഴിഞ്ഞു.

ആ ‘വിശ്വം’ ഇന്നാണ് ആദ്യമായി മലയാളത്തില്‍ ഒരു കമന്റ് ഇടുന്നത്! ഇത്ര കാലവും ഉപയോഗിച്ചുകൊണ്ടിരുന്ന “വിശ്വപ്രഭ”യാണ് 2004 മേയില്‍ ജനിച്ചത്).


ഉമേഷ് ലീവിനുപോകുന്ന സമയമാവുമ്പോഴേക്കും, അക്ഷരശ്ലോകത്തിനു വേണ്ടി ഒരു ബ്ലോഗു തുടങ്ങിയാലെന്താ എന്നും ഞങ്ങള്‍ ആലോചിച്ചു.
അങ്ങനെ 2005 ജനുവരി 17ന് ശ്ലോകബൂലോഗം തുടങ്ങിവെച്ചു. ഗ്രൂപ്പിലുള്ള മൊഴിമംഗ്ലീഷ് ശ്ലോകങ്ങളൊക്കെ യുണികോഡ് മലയാളത്തില്‍ വൃത്തിയായി അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു! അഞ്ജലിയും ഒരു സുന്ദരിക്കുട്ടിയായി അപ്പോഴേക്കും അണിഞ്ഞൊരുങ്ങി വന്നിരുന്നു!

അപ്പോഴേക്കും മൌനി(മലയാളം യുണികോഡ്)യുടെ സമയം വന്നു ചേര്‍ന്നു എന്ന് ബോദ്ധ്യമായി. പഴയ ആളുകളില്‍ അനിലിനേയും സണ്ണിച്ചായനേയും മറ്റും തെരഞ്ഞുപിടിച്ചു. എല്ലാവരും ഓരോ ബ്ലോഗുകള്‍ ഉണ്ടാക്കാനും തുടങ്ങി!

പിന്നീടായിരുന്നു വെച്ചടിവെച്ച് ഒരു കയറ്റം! വിശാലനേയും സങ്കുചിതനേയും കോമരത്തേയും കണ്ടുപിടിക്കാന്‍ ഏറ്റവും സഹായിച്ചത് അറബിഗൂഗിള്‍ എന്നു വിളിക്കാവുന്ന അനില്‍ ആണ്. ഏറ്റവും നിശ്ശബ്ദമായി അണിയറയിലിരുന്ന് വലിയ കാര്യങ്ങളൊന്നും അറിയില്ലെന്നു ഭാവിക്കുന്ന ആ പഴയ ‘ചങ്ങാതി’യോടു വേണം നമുക്കേറ്റവും നന്ദി പറയാന്‍!

2005 ജനുവരി വരെയുള്ള എന്റെ ഏതാണ്ടൊക്കെയുള്ള ഓര്‍മ്മകളാണിതൊക്കെ. ബാക്കിയുള്ളതൊക്കെ പിന്നൊരിക്കല്‍!

മലയാളബൂലോഗലോകം ഇന്നു വിശാലമനസ്കന് നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിക്കുമ്പോള്‍ ഈ ഒരു നെടുനീളന്‍ ഓഫ് ടോപ്പിക് കമന്റ് എന്റെ വകയും കിടക്കട്ടെ.

(ഇതില്‍ ചിലരെയൊക്കെ അബദ്ധത്തില്‍ വിട്ടുപോയിട്ടുണ്ടാവാം. പിന്നീട് കൂടുതല്‍ കൃത്യതയോടെ ഇതൊരു പോസ്റ്റായി യുക്തമായ ഒരു സ്ഥലത്തു ചേര്‍ക്കാം. അപ്പോഴേക്കും ഇതില്‍ വന്നുപെട്ടിട്ടുണ്ടാകാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ!)

മുന്‍പ് ഒരു കുറിപ്പായി ഓഫ് യൂണിയനില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. അതിന്റെ കൂടെ ഒരു മേമ്പൊടിയായി ഈ നെടുങ്കന്‍ കുറിപ്പും കൂടി ഇവിടെ കിടക്കട്ടെ.

(ഇത്തരം കുറിപ്പുകളൊക്കെ അവയിലടങ്ങിയിട്ടുണ്ടാകാവുന്ന തെറ്റുകളും കുറ്റങ്ങളും അവകാശവാദങ്ങളും ഒഴിവാക്കി സാവകാശം എവിടെയെങ്കിലും സമാഹരിക്കണമെന്നുണ്ട്. വരമൊഴിയുടെ സ്വാഗതപോര്‍ട്ടലില്‍ തന്നെ ഇതിനൊരു സ്ഥലം ഒരുക്കിവെച്ചിട്ടുമുണ്ട്. അനാവശ്യമായ യാതൊരു നിബന്ധനകളോ പക്ഷഭേദമോ ഇല്ലാതെ, എന്നാല്‍ ഉത്തരവാദിത്തത്തോടെ, ആര്‍ക്കും അവിടെ ചെന്ന് എഴുതിച്ചേര്‍ക്കുകയോ തിരുത്തുകയോ ചെയ്യാവുന്നതാണ്. )

പല ഘട്ടങ്ങളിലായിട്ടാണ് മലയാളം ബ്ലോഗുകള്‍ ഇന്നത്തെ അവസ്ഥയിലേക്ക് ഉരുത്തിരിഞ്ഞ് വന്നത്.

ബ്ലോഗ് എന്നതും ഫ്രീ വെബ് പേജ് എന്നതും തമ്മില്‍ വലിയ വ്യത്യാസം തോന്നാത്ത കാലത്ത് പലരും മലയാളം പല രീതിയിലും എഴുതിയിരുന്നു.
നിയതമായ വ്യവസ്ഥയുള്ളതും ഇല്ലാത്തതുമായ മംഗ്ലീഷും Keralite.ttf തുടങ്ങിയ ASCII ഫോണ്ടുകള്‍ ഉപയോഗിച്ചെഴുതിയ ANSI മലയാളവും അക്കാലത്ത് ഉപയോഗിച്ചിട്ടുണ്ട്. ചില ഗസ്റ്റുബുക്കുകളും ഫോറങ്ങളും സ്വതന്ത്രമായ വെബ് സൈറ്റുകളും ഈ രീതികള്‍ ഉപയോഗിച്ചുപോന്നു.

ആദ്യത്തെ മലയാളം ബ്ലോഗും മലയാളം ലിപിയിലാവില്ല എഴുതിയിട്ടുണ്ടാവുക. ചാറ്റ് സ്റ്റൈല്‍ Manglish രീതിയില്‍ ഏതാനും വാക്കുകള്‍ ഉള്‍പ്പെടുന്ന, എങ്കിലും മുഖ്യമായും ഇംഗ്ലീഷിലുള്ള ബ്ലോഗുകള്‍ പലതുമുണ്ടായിരുന്നു ആദ്യം. (അതുപോലുള്ളവ ഇപ്പോഴും ധാരാളം ഉണ്ട്.)

ആ സമയത്ത് ഇന്നു സങ്കല്‍പ്പത്തിലുള്ളതുപോലുള്ള ഒരുതരം കൂട്ടായ്മകളുമുണ്ടായിരുന്നില്ല. ഓരോരുത്തരും സ്വന്തമായി ഓരോ ദ്വീപുകളിലായിരുന്നു. വരമൊഴിയിലൂടെ പരസ്പരം നേരിയതായി അറിയുമെങ്കിലും സ്വന്തം ബ്ലോഗുകള്‍ക്ക് വായനക്കാരെ ചാക്കിട്ടുപിടിക്കുന്ന പ്രവണത അക്കാലത്ത് തുടങ്ങിവെച്ചിരുന്നില്ല. ബ്ലോഗ് എന്നതുതന്നെ ഇന്റര്‍നെറ്റില്‍ വന്നുകൊണ്ടിരുന്ന പലവിധ പരീക്ഷണസൈറ്റുകളില്‍ ഒരു തരം എന്നു മാത്രമേ മിക്കവരും വിചാരിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വേറേ ആരെങ്കിലും ഈ സമയത്ത് മലയാളം ബ്ലോഗുകള്‍ തുടങ്ങിവെച്ചിരുന്നോ എന്നറിയാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല.

ലഭ്യമായ വിവരങ്ങളും ആര്‍ച്ചൈവുകളും അനുസരിച്ച് , മനോരമ ഫോണ്ടും കേരളൈറ്റ് ഫോണ്ടും ഉപയോഗിച്ച് പോള്‍(redif.com), വിശ്വം(blogspot.com‍), സിബു(blogspot.com))‍ എന്നിവര്‍ ആദ്യമായി മലയാളം ലിപിരൂപങ്ങളില്‍ എഴുതിത്തുടങ്ങി.(2003)

പോള്‍ 2003 ഏപ്രില്‍ മുതല്‍ ASCII മലയാളത്തില്‍ തന്നെ (Keralite.ttf) എഴുത്തുതുടങ്ങി.

അനന്തമായ കാലം,
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടാവണം
ജീവിതമാണ്‌ ഏറ്റവും വലുതെന്ന്‌
ചിലപ്പോള്‍ തോന്നുന്നത്‌.
ജനനത്തിനു മുന്‍പും
മരണത്തിനു ശേഷവും
എന്തായിരുന്നുരിക്കണം?
നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.


പോളിന് അറം പറ്റിയിരിക്കണം, സുന്ദരമായ ആ കവിത കൊണ്ട് തുടങ്ങിവെച്ച മലയാളത്തിന്റെ ആദ്യബ്ലോഗ്, നിര്‍വ്വചനങ്ങളില്‍ പെട്ട് അനന്തമാവാതെ, 2004 ഫെബ്രുവരിയില്‍ റെഡിഫ്.കോം സൈറ്റില്‍ നിന്ന് സാങ്കേതികമായ എന്തോ പ്രശ്നം മൂലം അപ്പാടെ നഷ്ടപ്പെട്ടുപോയി. അതില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ പറ്റിയ ചില പോസ്റ്റുകള്‍ പിന്നീട് പോള്‍ സ്വന്തം ഡൊമെയിനില്‍ (ജാലകം) യുണികോഡിലാക്കി പുന:പ്രതിഷ്ഠിച്ചിട്ടുണ്ട്.

വിശ്വം എഴുതിത്തുടങ്ങിയിരുന്ന (മേയ് 2003) ബ്ലോഗ് മുഖ്യമായും പഴയ കേരളാ.കോം ആല്‍ത്തറയുടെ ഒരു പകര്‍പ്പായിരുന്നു. കൂടാതെ പഴഞ്ചൊല്ലുകള്‍‍, കടംകഥകള്‍, മലയാളത്തിലെ പദോല്‍പ്പത്തി, പാഠപുസ്തകങ്ങളിലും മറ്റും ഉണ്ടായിരുന്ന പഴയ മലയാളം പദ്യങ്ങളും കവിതകളും, ദത്തുക്ക് ജോസഫ് ചേട്ടന്‍ വര്‍ഷങ്ങളെടുത്ത് ടൈപ്പ് ചെയ്തുവെച്ചിരുന്ന ചങ്ങമ്പുഴ തുടങ്ങിയവരുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇതൊക്കെയായിരുന്നു അവിടെ പോസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. ആരെങ്കിലും വായിക്കുന്നുണ്ടോ എന്നുപോലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ ഇറാക്ക്-കുവൈറ്റ് യുദ്ധത്തോടനുബന്ധിച്ച് ഇവിടത്തെ നിയമസമ്മര്‍ദ്ദം മൂലം മൂന്നുമാസത്തിനുശേഷം 2003 ജൂലൈയില്‍ അയാളുടെതന്നെ തന്നെ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ക്കൊപ്പം ‍അതും ഡീലിറ്റു ചെയ്തു കളയേണ്ടി വന്നു. ( http://viswam.blogspot.com) യാതൊരു പോസ്റ്റുകളും ഇല്ലാതെ ആ URL ഇപ്പോഴും വിശ്വത്തിന്റെ കൈവശം തന്നെയുണ്ട്.

സിബുവിന്റെ ആദ്യബ്ലോഗ് ഏപ്രില്‍ 2003ല്‍ ഇംഗ്ലീഷില്‍ തുടങ്ങി. മലയാളം ലേഖനങ്ങള്‍ പിന്നീടാണ് (സെപ്റ്റംബര്‍-ഒക്റ്റോബര്‍ 2003) അതില്‍ വന്നുതുടങ്ങിയത്. അന്നുള്ളവയില്‍ സിബുവിന്റേതു മാത്രമാണ് (ടെമ്പ്ലേറ്റ് പലപ്പോഴും മാറ്റിയിട്ടുണ്ടെങ്കിലും) ഇപ്പോളും അതേ URL-ലില്‍ അതേ ഉള്ളടക്കത്തോടെ നിലനില്‍ക്കുന്ന ഏക ബ്ലോഗ്.

2004 ജനുവരിയില്‍ ആദ്യ വനിതാമലയാളം ബ്ലോഗറായി രേഷ്മ റെഡിഫില്‍ അവളുടെ മൈലാഞ്ചിയുമായി പ്രത്യക്ഷപ്പെട്ടു. പില്‍ക്കാലത്ത് ഈ ബ്ലോഗും വേറേ ആരോ തട്ടിക്കൊണ്ടുപോയി. എന്നിരുന്നാലും ഏറ്റവും ആദ്യത്തെ മലയാളം വനിതാ ബ്ലോഗര്‍ എന്ന ചരിത്രപരമായി അചഞ്ചലമായ സ്ഥാനം നിസ്സംശയം രേഷ്മയ്ക്കുതന്നെ.

2004 മലയാളം ബ്ലോഗുകളുടെ ഗര്‍ഭസ്ഥദശയായിരുന്നു എന്നു പറയാം. പുതിയ ബ്ലോഗുകള്‍ ചിലതൊക്കെയുണ്ടായെങ്കിലും അതിനുപരി, ബ്ലോഗര്‍മാര്‍ തമ്മില്‍ പരസ്പരം പുറം ചൊറിഞ്ഞുതുടങ്ങിയതും അവര്‍ തമ്മില്‍ സമശീര്‍ഷമായ മാനസികദാര്‍ഢ്യം ഉടലെടുത്തതും ഈ കാലത്താണ്. അണിയറയില്‍ യുണികോഡ് ലിപികളെപ്പറ്റിയുള്ള ചര്‍ച്ചകളും ഈ സമയത്ത് തുടങ്ങിവെച്ചു. 2004 അവസാനിക്കുമ്പോഴേക്കും ഏഴോളം ബ്ലോഗുകള്‍ മലയാളത്തില്‍ സ്ഥിരതയോടെ പ്രത്യക്ഷപ്പെട്ടു. (പോള്‍, സിബു, രേഷ്മ, കൈപ്പള്ളി, കെവിന്‍, പെരിങ്ങോടന്‍, സൂര്യഗായത്രി) പലര്‍ക്കും പില്‍ക്കാലത്ത് ബ്ലോഗുജ്വരം ആയി മാറിയ ‘ദിവസേന എല്ലാ ബ്ലോഗുകളിലും പോയി നോക്കുക’ എന്ന ശീലം ആ സമയത്ത് തുടങ്ങിവെച്ചതും ഈ ബ്ലോഗര്‍മാരാണ്. അധികമാരും വായിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും അന്നത്തെ നിലയ്ക്ക് സാങ്കേതികമായി വളരെ വിഷമം പിടിച്ചതായിരുന്നിട്ടും, മലയാളം ബ്ലോഗിങ്ങ് തുടര്‍ന്നുപോകുന്നവര്‍ എന്ന പരസ്പരബഹുമാനമുണ്ടായിരുന്നു എല്ലാവര്‍ക്കും. പലപ്പോഴും മറ്റു കുറച്ചുകൂട്ടുകാര്‍ മാത്രമാണു വായിക്കാനുള്ളത് എന്ന ബോധം നിമിത്തം ബ്ലോഗെഴുത്ത് സാമാന്യത്തിലധികം വൈയക്തികമായിരുന്നു ആയിടെ. സൈറ്റ് അഡ്മിനിസ്റ്റ്രേറ്റര്‍മാരോ എഡിറ്റര്‍മാരോ ഇടപെടാത്ത, പച്ചയായി ഉള്ളില്‍നിന്നും വരുന്ന സാധാരണ മലയാളിയുടെ തനിമലയാളം വായിക്കാന്‍ ദാഹിച്ചുനടന്നിരുന്ന പ്രവാസികളാണ് സ്വാഭാവികമായും ആ ഘട്ടത്തില്‍ ബ്ലോഗുകളില്‍ ഇടപെട്ടത്. (ആ ദാഹത്തിന്റെ തീവ്രത എന്താണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ പോലുമാവില്ല. അത്രയ്ക്കധികമുണ്ട് ഇപ്പോള്‍ നമുക്കു വായിക്കാന്‍ കിട്ടുന്നത്!)



ആദ്യ യുണികോഡ് മലയാളം പോസ്റ്റ്

ആയിടയ്ക്കെല്ലാം കുറച്ചുപേര്‍ ചേര്‍ന്ന് യുണികോഡില്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. വരമൊഴി യാഹൂഗ്രൂപ്പില്‍ കെവിന്‍ 2004 ആഗസ്റ്റ് 2ന് ‍ ആദ്യമായി ഒരു മലയാളം പ്ലെയിന്‍ ടെക്സ്റ്റ് മെയില്‍ അയച്ചത് വിപ്ലവകരമായ സംഭവമായി മാറി. 1999-മുതല്‍ വരമൊഴി അംഗങ്ങള്‍ സ്വപ്നം കണ്ടിരുന്നതാണ് കൃത്യം അഞ്ചുവര്‍ഷങ്ങള്‍‍ക്കുശേഷം അന്ന് യാഥാര്‍ത്ഥ്യമായത്. Varamozhi Project History

(1999 ആഗസ്റ്റ് 1ന് വരമൊഴിഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയും ആണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗികരേഖ. പിന്നീട് 2002-ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതുകൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു.)
ആരായിരിക്കും ആദ്യമായി യുണികോഡ് മലയാളത്തില്‍ ബ്ലോഗ് ചെയ്തിട്ടുണ്ടായിരിക്കുക?

ആരായിരിക്കും?

കൈപ്പള്ളി!

2004 ആഗസ്റ്റില്‍ കൈപ്പള്ളി യുണികോഡ് ബൈബിളിന്റെ എന്‍‌കോഡിങ്ങ് ഏതാണ്ട് മുഴുവനാക്കി. ആഗസ്റ്റ് 14നു് ആ വിവരം ഒരു പോസ്റ്റ് ആക്കി തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. തന്റെ ക്യാരക്റ്ററിസ്റ്റിക് അക്ഷരത്തെറ്റുകളും യുണികോഡ് കീബോര്‍ഡ് ഡ്രൈവറുടെ നിയന്ത്രണം പോരാത്ത സ്റ്റീയറിങ്ങ് വീലും കൂടി ആകപ്പാടെ ഒറിജിനല്‍ ആയിട്ടുള്ള ഒരു പോസ്റ്റുതന്നെ ആയിരുന്നു അത്.

ഒരു മാസത്തിനുള്ളില്‍ 2004 സെപ്റ്റംബര്‍ 18ന് കെവിന്റെ മലയാളം യുണികോഡ് ബ്ലോഗ് അവതരിച്ചു.

സ്വാഭാവികമായും ആദ്യകാലങ്ങളില്‍ വന്ന ഈ പോസ്റ്റുകള്‍ക്ക് കമന്റിടാന്‍ ആര്‍ക്കും അത്ര ഉത്സാഹമൊന്നുമുണ്ടായിരുന്നില്ല. കാരണം യുണികോഡില്‍ എഴുതുക എന്നത് അപ്പോഴും അത്ര സുഗമമൊന്നുമായിരുന്നില്ല. എന്നിരുന്നാലും കെവിന്‍, മോനു എന്ന ചാക്കോച്ചന്‍ തുടങ്ങിയ ചിലര്‍ ആദ്യത്തെ യുണികോഡ് കമന്റുകള്‍ തുടങ്ങിവെച്ചു.

അഞ്ജലിബീറ്റ വരവായി. വിന്‍ഡോസ് XP കൂടുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രചാരത്തിലായി. മെച്ചപ്പെട്ട Uniscribe DLL പുറത്തിറങ്ങി. മലയാളം യുണികോഡിന്റെ സമയം വന്നെത്തിക്കഴിഞ്ഞു അതോടെ.

ആദ്യകാലയുണികോഡിന്റെ യഥാര്‍ത്ഥ സാഹസങ്ങള്‍ ബ്ലോഗറിലായിരുന്നില്ല എന്നതാണു രസകരം!
2004 നവമ്പര്‍ 11നു തുടങ്ങിയ അക്ഷരശ്ലോകം യാഹൂഗ്രൂപ്പിനുള്ളിലായിരുന്നു യുണികോഡ് പോലൊരു ഉപായത്തിന് ഏറെ ആവശ്യം. 100% ശുദ്ധമായ, അക്ഷരത്തെറ്റുകള്‍ ഒന്നുപോലും ഇല്ലാത്ത ശ്ലോകസംഭരണമായിരുന്നു അക്ഷരശ്ലോകം ഗ്രൂപ്പ് തുടങ്ങിവെച്ച ഓണ്‍ ലൈന്‍ സദസ്സിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സൂക്ഷ്മതയും കൃത്യതയും ഉള്ള ഒരു ലിപിപ്രാതിനിദ്ധ്യം അവിടെ അത്യന്താപേക്ഷിതമായി. മാത്രമല്ല, സാധാരണ എഴുത്തുമലയാളത്തില്‍ വരാത്ത പല കൂട്ടക്ഷരങ്ങളും പ്രയോഗങ്ങളും മലയാള‍വും സംസ്കൃതവും ഇടകലര്‍ന്ന അവിടത്തെ ശ്ലോകസന്ദേശങ്ങളില്‍ ഉപയോഗിക്കേണ്ടിയുമിരുന്നു. അങ്ങനെ യുണികോഡ് മലയാളവും ഒപ്പം തന്നെ വരമൊഴി പ്രോഗ്രാമും അവിടെ തീവ്രമായി, നിശിതമായി പരീക്ഷിക്കപ്പെട്ടു. എന്നിരുന്നാലും അംഗങ്ങള്‍ക്ക് പലര്‍ക്കും അവരുടെ കമ്പ്യൂട്ടറുകളില്‍ സാങ്കേതികമായി യുണികോഡ് ഉപയോഗിക്കാന്‍ പ്രശ്നമുണ്ടായിരുന്നു. അതിനാല്‍ ഒടുവില്‍ ഗ്രൂപ്പിന്റെ അംഗീകൃത എഴുത്തുഭാഷയായി വരമൊഴി രീതിയിലുള്ള mangleesh തന്നെ തല്‍ക്കാലത്തേക്ക് അംഗീകരിക്കപ്പെട്ടു.

സിബു അടക്കം ഗ്രൂപ്പിലുണ്ടായിരുന്ന അംഗങ്ങള്‍ക്കെല്ലാം യുണികോഡിന്റേയും വരമൊഴിയുടേയും നല്ലൊരു പരിശീലനക്കളരിയായി മാറി ആ എഴുത്തുകുത്തുകള്‍. അക്ഷരശ്ലോകം ഗ്രൂപ്പിലെ മിക്ക സജീവാംഗങ്ങളും പില്‍ക്കാലത്ത് പ്രാപ്തിയുള്ള മലയാളം ബ്ലോഗര്‍മാരായി മാറുകയുമുണ്ടായി. അക്ഷരശ്ലോകസദസ്സു തന്നെ പിന്നീട് ഒരു ബ്ലോഗിലൂടെ പൊതുസഭയിലേക്ക് ഇറങ്ങിവന്നു.

ഇതോടൊപ്പം ബ്ലോഗര്‍.കോം കൂടാതെ, മറ്റിടങ്ങളിലേക്കും യുണിക്കോഡ് പറന്നുചെന്നിറങ്ങിത്തുടങ്ങി. ഏകദേശം ഈ സമയത്താണ് ചിന്ത.കോം, ജാലകം, മലയാളവേദി.കോം തുടങ്ങിയ വെബ്ബ് സൈറ്റുകള്‍ യുണികോഡിലേക്ക് രൂപാന്തരം പ്രാപിച്ചുവന്നത്. കൂടാതെ MSN സ്പേസ്, വേര്‍ഡ്പ്രെസ്സ് തുടങ്ങിയ ഇടങ്ങളിലും മലയാളം ബ്ലോഗര്‍മാര്‍ മേഞ്ഞുതുടങ്ങി.


2005 മാര്‍ച്ച് ആവുമ്പോഴേക്കും കൂടുതല്‍ യുണികോഡ് മലയാളം ബ്ലോഗുകള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യം കമന്റുകളെഴുതിത്തുടങ്ങി പിന്നീട് മുഴുബ്ലോഗന്മാരായവരായിരുന്നു അധികവും. അതുവരെ ASCII ഉപയോഗിച്ചിരുന്ന ബ്ലോഗര്‍മാരെല്ലാം ക്രമേണ യുണികോഡിലേക്ക് ചുവടുമാറി.

*** *** ***
പിന്മൊഴി, തനിമലയാളം, ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച്, പോപ്പുലര്‍ ബ്ലോഗിങ്ങ്, ബ്ലോഗ്-വിക്കി സംബന്ധങ്ങള്‍, ഫീഡറുകളും അഗ്രിഗേറ്ററുകളും, ബ്ലോഗ് മീറ്റുകള്‍, മാദ്ധ്യമ ഇടപെടലുകള്‍, സമാന്തര യുണികോഡ് സൈറ്റുകള്‍, കൂട്ടായ്മബ്ലോഗുകള്‍, പടലപിണക്കങ്ങള്‍, കുറുമൊഴി, മറുമൊഴി, യുണികോഡ് സംവാദങ്ങള്‍ തുടങ്ങി ബ്ലോഗുചരിത്രം പിന്നെയും നീണ്ടുകിടക്കുന്നു. അതെല്ലാം പിന്നീട് നമുക്ക് പതിയെ ഓര്‍ത്തെടുക്കാം.

വര്‍ത്തമാനക്കുടങ്ങളില്‍നിന്നും വരുംവരായ്കകള്‍ പുറത്തുചാടട്ടെ.
അവ ഭൂതങ്ങളായി പുകഞ്ഞുയരട്ടെ.
ക്രമേണ ഇന്റര്‍നെറ്റിന്റെ മേഘപ്പൂന്തോപ്പില്‍ അലിഞ്ഞുചേരട്ടെ.
അപ്പോള്‍ നമുക്കിവിടെ പഴങ്കഥകള്‍ പറഞ്ഞിരിക്കാം.

ഇപ്പോള്‍ ചരിത്രം അതിന്റെ വഴിയ്ക്ക് നടന്നുപോകട്ടെ. നമുക്ക് ആ പാവം അറിയാതെ പതുക്കെ അതിന്റെ പിന്നാലെ പതുങ്ങിപ്പതുങ്ങിച്ചെല്ലാം. ആകസ്മികമായി മുന്നില്‍ ചെന്നുപെട്ട് അതിനെ പരിഭ്രമിപ്പിക്കണ്ട. അതിന്റെ വഴി മാറ്റിമറിയ്ക്കേണ്ട.
കടപ്പാട് - വിശ്വപ്രഭ 
൩. എം.കെ.പോള്‍
Viswam,
thanks for the detailed historical info! Here is a small correction.
The first version of jaalakam was hosted at freeshell.org. The domain name was mkpaul.freeshell.org. This was during dec 2002/jan 2003 time frame. Unfortunately this sub-domain doesn't exist now. I am trying to contact them to get a back up. But you can see some of the pages at internet archive : http://web.archive.org/web/20040419190503/http://mkpaul.freeshell.org/blog_2003.html

It was built on plain html with comments support using haloscan. Then jaalakam moved to rediff. Then i used pivot to maintain the blog for some time. After that, it was moved to chintha.com and i switched to unicode with Anjali font from Kevin.
കടപ്പാട് - പോള്‍